ഇവക്കുട്ടിയുടെ വിശേഷങ്ങൾ 8: ഇഷ്ടങ്ങളെ വീണ്ടും കൂട്ടു പിടിച്ചപ്പോൾ
പല ഭാര്യമാരും, അമ്മമാരും ഒക്കെ മനസ്സിൽ ഒരിക്കൽ എങ്കിലും നേരിട്ടുള്ള ഒരു പ്രശ്നമാണ് "ഐഡൻറിറ്റി ക്രൈസിസ് " . സ്വന്തമായി ഒരു ഐഡൻറിറ്റി ഇല്ലാത്ത പോലെ.
മകൾ എന്ന പദവിയിൽ അച്ഛന്റെ നിഴലായി ജീവിച്ചവൾ, ഭാര്യയും മരുമകളും ഒക്കെ ആയി മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുന്നു.പറിച്ചു നടുന്ന മണ്ണിൽ വേര് പിടിക്കാനുള്ള ഒരു ഓട്ടം ആണ് പിന്നീട്. പലരുടെയും മനസ്സിൽ വേര് പിടിക്കാനുള്ള ശ്രമത്തിനിടയിൽ പലപ്പോഴുംസ്വന്തം ഇഷ്ടങ്ങൾ , ആഗ്രഹങ്ങൾ ഒക്കെ പയ്യെ മറന്നു തുടങ്ങും. ഒരു കുടുംബത്തെ കൂടുമ്പോൾ ഇമ്പമുള്ളതാക്കുന്നതിൽ ഈ വേരുപിടിക്കലിന് ഒത്തിരി പങ്കുണ്ട്. വർഷങ്ങൾ പിന്നിടുമ്പോൾ , സ്വയം ഒരു തിരിഞ്ഞു നോട്ടം ജീവിതത്തിൽ ഇടക്കൊക്കെ നടത്തി നോക്കുമ്പോൾ വേര് പിടിച്ചാലും , എവിടെയൊക്കെയോ സ്വയം നക്ഷ്ടപെട്ടത് പോലെ.
വര്ഷങ്ങള്ക്കു ശേഷം, എന്നെ തേടിയ എനിക്കും ഇത് പോലെ ഒരു അവസ്ഥ ആയിരുന്നു. സ്വന്തം കാര്യങ്ങൾക്കു ആരെയും ആശ്രയിക്കാതെ , ആർക്കും വേണ്ടി കാത്തു നിൽക്കാതെ, സ്വയം ചെയുന്നതിൽ, തനിച്ചു ചെറിയ യാത്രകൾ നടത്തുന്നതിൽ ഒക്കെ ആത്മസംതൃപ്‍തി കണ്ടെത്തിയിരുന്ന, എന്റെ കുഞ്ഞു സന്തോഷങ്ങൾ ആയി ഇതിനെയെല്ലാം കണ്ടിരുന്ന ഞാൻ ഇന്ന് തനിച്ചു എങ്ങോട്ടേകും പോകാറില്ല... കാത്തിരിക്കാനും ഞാൻ പഠിച്ചു.. .
എവിടെയെങ്കിലും യാത്ര പോകണമെങ്കിൽ വീട്ടിൽ ഏറ്റവും ആദ്യം റെഡി ആയി നിന്നിരുന്ന ഞാൻ ഇന്നു, മക്കളെ എല്ലാം റെഡി ആക്കിയിട്ടു ഏറ്റവും അവസാനം, 5 മിനുറ്റിൽ ഒരുങ്ങി ഇറങ്ങുന്ന ഒരു ആളായി എത്ര പെട്ടന്നാണ് മാറിയത്.. (ഒരുങ്ങി ഇറങ്ങുന്ന എന്നും പറയാൻ പറ്റില്ല, തുണികൾ വെച്ചിരിക്കുന്ന ഷെൽഫ് തുറക്കുമ്പോൾ ചുളുക്കുകൾ കുറഞ്ഞു കാണാൻ തരക്കേടില്ലാത്ത ഒരു ഡ്രസ്സ് ഇട്ടു തലയും ചീവി വെച്ച് ഇറങ്ങുന്ന, അതിനിടയിൽ കൊച്ചിന്റെ പാൽക്കുപ്പി , വെള്ളം , പാമ്പേർസ് അങ്ങനെ ഓർമയിൽ വരുന്ന സാധനങ്ങൾ എല്ലാം എടുത്തില്ലേയെന്നു കുറെയേറെ തവണ ബാഗിൽ നോക്കുന്ന ഒരു അമ്മ ..)
കാലം എന്നിൽ വരുത്തിയ ഈ മാറ്റങ്ങളെയെല്ലാം ഞാൻ അംഗീകരിക്കുന്നു.. ഇഷ്ടപ്പെടുന്നു..ഇതൊന്നും ഇല്ലേൽ ഞാൻ ഇന്നു പൂർണയല്ല.
എന്നിരുന്നാലും തിരിഞ്ഞു നോക്കുമ്പോൾ എവിടെയൊക്കെയോ സ്വയം ഒരു നഷ്ടപ്പെടൽ.. എനിക്ക് മാത്രം ആണോ ഈ തോന്നലുകൾ എന്നറിയാൻ ചുറ്റുമുള്ള എന്റെ സമപ്രായക്കാരിലേക്കു ഞാൻ ഒന്നു കണ്ണോടിച്ചു. മിക്ക സുഹൃത്തുക്കളുടെയും കോൺടാക്ട് നമ്പർ ഒക്കെ പല കാരണങ്ങൾ മൂലം നക്ഷ്ടപെട്ടിരിക്കുന്നു. വളരെ കുറച്ചു സുഹൃത്തുക്കളെ,അതും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഫോണിൽ വിളിക്കും. എല്ലാവരും , ഓഫീസ് ജോലി, മക്കൾ , വീട്ടിലെ മറ്റു പണികൾ ഒക്കെ ആയി തിരക്കാണ്..അത് കൊണ്ട് തന്നെ ഇടക്കുള്ള whatsapp സന്ദേശങ്ങളിൽ പലരുമായുള്ള സുഹൃത്ബന്ധങ്ങൾ ഒതുങ്ങി. പിന്നെ ചുറ്റുമുള്ളവരിലേക്കു കണ്ണോടിക്കാൻ ആകെ ഫേസ്ബുക് മാത്രമേ കയ്യിൽ ഉള്ളു.
പണ്ട് കൂടെ പഠിച്ച ആൺ സുഹൃത്തുക്കൾ പറയുമായിരുന്നു, "നിങ്ങൾ പെൺപിള്ളേർ കുറെ കാലം കഴിയുമ്പോൾ ഇപ്പോഴത്തെ സുഹൃത്ബന്ധങ്ങൾക്കു വലിയ വിലയൊന്നും കൊടുക്കില്ല. ആണുങ്ങൾ ആണേൽ എല്ലാവരും ആയി വർഷങ്ങൾ കഴിഞ്ഞാലും കമ്പനി ഉണ്ടാകുമെന്നൊക്കെ.." . അതൊക്കെ ഒരു വ്യക്തിക്ക് നമ്മൾ കൊടുക്കുന്ന priority അനുസരിച്ചുമാത്രം ആണെന്നു കരുതിയിരുന്ന ഞാൻ ഇന്ന്, ഒരു സത്യം കൂടെ മനസിലാക്കുന്നു. കാലം മുന്നോട്ടു പോകും തോറുംആൺ - പെണ്ണ് വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും priority മാറി മറിയുമെന്ന സത്യം.
ഫേസ്ബുക്കിൽ നോക്കിയ ഞാൻ ചിരിക്കുന്ന മുഖങ്ങൾ മാത്രമേ എങ്ങും കണ്ടുള്ളു. ആ ചിരി എല്ലാവരിലും എന്നുമുണ്ടാകട്ടെയെന്നു പ്രാർഥിക്കുന്നു ..നിറഞ്ഞ മനസോടെ..
വീട്ടമ്മ എന്ന പദവിയിലേക്ക് കാലെടുത്തു വെച്ചപ്പോൾ മുതൽ എൻ്റെ പ്രയോറിറ്റീസും പയ്യെ മാറുവാൻ തുടങ്ങി. വീട്ടമ്മ എന്ന പദപ്രയോഗം എൻ്റെ പല സുഹൃത്തുകൾക്കും ഇഷ്ടമുള്ള കാര്യം അല്ല. വരുമാനം ഇല്ലാത്തവൾ, വീട്ടുപണി ചെയ്യേണ്ടവൾ നിത്യ ചെലവിന് ഭർത്താവിനെ ആശ്രയിക്കുന്നവൾ എന്നിങ്ങനെ പല അർത്ഥങ്ങൾ സമൂഹം ആ പേരിനു കൊടുത്തതുകൊണ്ടു ആണു ഈ നീരസം. വീട്ടമ്മ എന്നാൽ വീട്ടിലെ 'അമ്മ അഥവാ ഗൃഹത്തിലെ നായിക. ഈ രണ്ടു അർത്ഥങ്ങളെ ഞാൻ ഇവിടെ കാണുന്നുള്ളൂ കേട്ടോ. ഞാൻ പറയുന്ന വീട്ടമ്മമാരിൽ ചിലർക്ക് സ്വന്തമായി ജോലി അഥവാ മറ്റു വരുമാന മാർഗം കാണും. ചിലർ അവരുടെ ആവശ്യങ്ങൾക്കു ഭർത്താവിനെ ആശ്രയിക്കുന്നവർ ഒക്കെ ആകും.
പറഞ്ഞു വന്നതു ഗൃഹനായികയേ കുറിച്ചാണ്. കുടുംബം ആകുന്ന പടത്തിന്റെ നായികയെക്കുറിച്ചു. പടത്തിന്റെ ട്രെയിലർ ഓടിക്കുമ്പോൾ നായകനും നായികയ്ക്കും കാണുന്ന ഭംഗി ഒന്നും ക്ലൈമാക്സ് വരെ നീണ്ടു നിൽക്കില്ല. ഇടക്കൊക്കെ ചില ട്രാജഡി , കോമഡി അതിനിടയിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ഒക്കെ ആയി ഞങ്ങടെ പടവും ഓടാൻ തുടങ്ങീട്ട് കുറച്ചു വർഷങ്ങൾ കഴിഞ്ഞു. നായികാ/ നായകൻ പദവി ഒഴിഞ്ഞു നമ്മുടെ പടം ഭിത്തിയിൽ ആകുന്ന ദിവസം ഭർത്താവു/ ഭാര്യ , മക്കൾ, ഏറെ അടുത്ത കുടുംബക്കാർ , അടുത്ത സുഹൃത്തുക്കൾക്കൊക്കെ ഒരുപിടി ഓർമ്മകൾ സമ്മാനിച്ചു നമ്മൾ യാത്രയാകും.
പയ്യെ പയ്യെ ആണ്ടിൽ ഒരിക്കൽ , നമ്മുടെ ഓര്മ ദിനങ്ങളിൽ കല്ലറയിൽ വെക്കുന്ന പൂക്കളായും, ഒപ്പം ചെല്ലുന്ന പ്രാഥനകൾ ആയും, കർക്കിട വാവിലെ ബലിയിടലായും , നമ്മൾ ഓരോരുത്തരുടെയും മത ആചാരങ്ങളായും ഓർമ്മകൾ ഒതുങ്ങും.
കാലത്തിന്റെ ഈ മാറ്റം എപ്പോഴും അനിവാര്യം ആണ്. പക്ഷെ ഞാൻ എന്ന നായികാ യാത്ര ആകുമ്പോൾ ഞാൻ എന്താണ് ഈ ഭൂമിയിൽ കൊടുത്തിട്ടു പോകുന്നത് ? എന്നെക്കുറിച്ചു എന്ത് ഓർമ്മകൾ ആണ് ഞാൻ നില നിർത്തുന്നത് ?
വീട്ടമ്മ എന്ന പദവിയിൽ എൻ്റെ കുടുംബത്തിന് ഞാൻ സമ്മാനിക്കുന്ന ഒരു പിടി നല്ല ഓർമകൾക്കൊപ്പം, എന്റേതായി എന്തെങ്കിലും.. ഞാൻ നേരിട്ടു അറിയില്ലാത്ത ഏതെങ്കിലും ഒരു വ്യക്തിക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ഇവിടെ സമ്മാനിച്ചിട്ടു പോകാൻ ഒരു ആഗ്രഹം.. പക്ഷെ എന്ത് എന്ന് എന്നെ അലട്ടിക്കൊണ്ടിരുന്നു. വീട്ടിൽ കുഞ്ഞു മക്കളേം നോക്കി, വർക്ക് ഫ്രം ഹോം ചെയ്തു, പുറം ലോകമായി വലിയ കാര്യമായ ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ എന്ത് ചെയ്യാൻ ?
ഞങ്ങൾ രണ്ടു പേരും നായികാ നായക വേഷം ചെയ്യുന്ന ഇപ്പോഴും തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പടത്തിൽ ഇടക്കൊക്കെ വന്ന പല കയ്‌പേറിയ രംഗങ്ങളും ഞങ്ങളുടെ പടം കുറച്ചു കൂടെ മുന്നോട്ടു പോകാൻ ഞങ്ങൾക്കു ശക്തി തരുന്നേ ആയിരുന്നു.. സ്വർണം തീയിൽ ഇട്ടു ഉരുക്കി ശുചി ആക്കുന്ന പോലെ, പല അനുഭവങ്ങളും മനസിനെ ഉരുക്കുമ്പോൾ പിടിച്ചു നിൽക്കാൻ നമ്മൾ കാട്ടുന്ന മനശക്തി ആണ് നമ്മുടെ ഒക്കെ പടത്തിനെ കുറച്ചു കൂടെ മുന്നോട്ടു കൊണ്ട് പോകുന്നെ.
പലരും പാതി വഴിയിൽ തളരുന്നതിനും ഭയക്കുന്നതിനും വിറക്കുന്നതിനും ഒക്കെ ഒരേ ഒരു പരിഹാരം മാത്രമേ ഉള്ളു. നിങ്ങൾ തന്നെ.. നിങ്ങളുടെ മനശക്തി..
ഈ ഒരു ചിന്തയിൽ നിന്നാണ് Positive Vibes by Doja Kuriakose എന്ന യൂട്യൂബ് , ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം പേജുകൾ എല്ലാം ഉണ്ടായതു. നഷ്ടപ്പെട്ടു പോയ എൻ്റെ ഇഷ്ടങ്ങളെ കണ്ടെത്താൻ,.. അത് മറ്റുള്ളവരുമായി പങ്കു വെക്കാൻ,... ഞാൻ അറിയാത്ത എന്നെ അറിയാത്ത ഒരാളുടെ ചിന്തകളെ ഉണർത്താൻ... , അയാൾ ഒരു പ്രതിസന്ധിയിൽ ആണെങ്കിൽ ഞാൻ പങ്കു വെക്കുന്ന ഏതെങ്കിലും ഒരു കുഞ്ഞി അറിവ് അയാൾക്കു ഒരല്പം ആത്മബലം കൊടുക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമായി കരുതാൻ... അങ്ങനെ അങ്ങനെ കുറെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഇതിനു പിന്നിൽ ഉണ്ടായിരുന്നു...
അങ്ങനെ ഒരു ആഗ്രഹത്തിന് തുടക്കം കുറിച്ചപ്പോൾ ഞാൻ പ്രതീഷിച്ചേ , കൂക്കി വിളികൾ, ചില പൊങ്കാലയിടലുകൾ , സ്നേഹ പൂർവം ഉള്ള തിരുത്തലുകൾ , മുന്നോട്ടു പോകാൻ ഉള്ള ചെറിയ പ്രോത്സാഹനങ്ങൾ ഒക്കെ ആയിരുന്നു. പക്ഷെ എനിക്ക് മുന്നിലേക്ക് വന്നത് തികച്ചും അപ്രതീക്ഷിതമായ , അറപ്പും വെറുപ്പും ഒരേ സമയം തോന്നിപ്പിക്കുന്ന, കൊടും വിഷം ചീറ്റുന്ന, മറ്റു പല ദുരനുഭവങ്ങൾ ആയിരുന്നു
തുടരും
Positive Vibes By Doja Kuriakose
Comments
Post a Comment