ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ
ഇവിടെ എന്തെലൊക്കെ കുത്തി കുറിച്ചട്ടു കുറെ നാളായി. പണ്ട് പറഞ്ഞു നിർത്തിയെ , മൂന്നാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ചു ആയിരുന്നു.
അങ്ങനെ വീണ്ടും ഒരു ജനുവരി മാസത്തിൽ മൂന്നാമത് ഒരു കുഞ്ഞു (Edlyn Theresa Bibin) കൂടി ജീവിതത്തിലേക്ക് വന്നു.
കൃത്യമായി 2 വർഷത്തെ ഗ്യാപ്പിൽ, അതും എല്ലാവരുടേം ജന്മദിനങ്ങൾ ജനുവരി മാസത്തിൽ :) . പറയുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണേലും
വലിയ പ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത 3 കുഞ്ഞുങ്ങളെ നോക്കുക അത്ര എളുപ്പം ആയിരുന്നില്ല.
ആദ്യത്തെ കുഞ്ഞിന് കിട്ടുന്ന സ്വീകരണങ്ങളോ സപ്പോർട്ടോ ഒക്കെ പിന്നീടങ്ങോട്ടേക്കു മറ്റു പ്രെഗ്നൻസികൾക്കു മിക്ക അമ്മമാർക്കും കിട്ടാറില്ല എന്നതാണ് സത്യം.
വലിയ ഗ്യാപ് ഇല്ലാതെ അടുത്ത കുഞ്ഞു വരുമ്പോൾ, പ്രെഗ്നൻസി സമയത്തും, പിന്നീടങ്ങോട്ടേക്കും, ഇവർ കുറച്ചു സ്വയം കാര്യങ്ങൾ ചെയ്യാൻ ആകുന്നെ വരെ അമ്മമാർക്ക് നല്ല ഓട്ട പ്രദിക്ഷണം ആണ്.
ഒരാളെ അപ്പി കഴുകിച്ചു ,അല്ലേൽ മൂത്ര തുണി മാറ്റി അപ്പോളേക്കും ഇതേ കലാപരിപാടി അടുത്തയാൾക്കു ചെയ്യേണ്ടി വരും. ചെയ്‌തോണ്ടിരിക്കുന്ന കാര്യങ്ങൾ 1 by 1 , മാറി മാറി ഓരോരുത്തർക്കായി ചെയ്യേണ്ടി വരുന്ന അവസ്ഥ.
2 മക്കളേം നോക്കി വർക്ക് ഫ്രം ഹോം ചെയ്യാൻ തുടങ്ങീട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഡെയിലി മുവാറ്റുപുഴയിൽ നിന്നും എറണാകുളം പോകാൻ ഉള്ള പ്രയാസങ്ങൾ മൂലം മൂത്ത ആൾക്ക് (കുഞ്ഞൂസിനു) 6 മാസം ഉള്ളപ്പോൾ വർക്ക് ഫ്രം ഹോം സ്റ്റാർട്ട് ചെയ്തെ ആണ്. പിന്നെ ഉണ്ണിയുടെ പ്രെഗ്നൻസി, കൊറോണ അങ്ങനെ ഒക്കെ ആയി വർക്ക് ഫ്രം ഹോം നീണ്ടു പോയി. ഇപ്പോൾ കുഞ്ഞൂസിനു 4 .5 വയസു.
എന്നിലെ അമ്മക്ക് കിട്ടിയ വലിയ അനുഗ്രഹം ആയി വർക്ക് ഫ്രം ഹോം അന്നും ഇന്നും കാണുന്നുവെങ്കിലും , മനസ് പയ്യെ മുരടിച്ചു തുടങ്ങിയിരിക്കുന്നു. ഇടക്കൊക്കെ മനസിന് വല്ലാത്ത ഏകാന്തത. ശനിയും ഞായറും അവധി ആണെങ്കിൽ കൂടി , മക്കളുടെ കാര്യങ്ങൾ, വീട്ടു കാര്യങ്ങൾ , കൊറോണ , ഉണ്ണിയുടേം തെരേസവിന്റെയും പ്രെഗ്നൻസി അങ്ങനെ കുറെയേറെ കാരണങ്ങൾ കാരണം പുറത്തേക്കുള്ള ഇറക്കങ്ങൾ കുറഞ്ഞു. അത്യാവശ്യകാര്യങ്ങൾക്കു മാത്രം മക്കളെ എല്ലാം കൂടെ കൂട്ടി, ചെയ്യണ്ട കാര്യം മാത്രം നടത്തി തിരിച്ചു വരും. ഓഫീസിലേക്കുള്ള യാത്രകൾ, ഓഫീസിൽ നമ്മൾ സാധരണ നടത്താറുള്ള സംസാരങ്ങൾ , പുറംലോകവുമായുള്ള ബന്ധങ്ങൾ ഒക്കെ പയ്യെ കുറഞ്ഞു. ഇടക്ക് വന്ന കൊറോണ ഇത് കുറച്ചു കൂടെ ശക്തമാക്കിയെന്നു പറയാം.
ഇടക്കൊക്കെ മനസ്സിൽ മുഴുവൻ നിരാശ കേറുന്നപോലെ. ചിലപ്പോൾ മക്കളുടെ കരച്ചിലുകളും വാശികളും എന്നെ അലോസരപ്പെടുത്താൻ തുടങ്ങി. ആ അലോസരങ്ങൾ ഞാൻ ഏറെയും പ്രകടിപ്പിക്കുന്നേ കുഞ്ഞൂസിനോടും (മൂത്ത കുഞ്ഞു) ഇവരുടെ അപ്പയോടുമായി . അവളുടെ പ്രായത്തിനപ്പുറം ഉത്തരവാദിത്തബോധം ചിലപ്പോഴൊക്കെ ഞാൻ അവളിൽ നിന്നും പ്രതീക്ഷിക്കുകയും അത് വീട്ടിൽ എന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. Postpartum depression എന്ന ഓമന പേരിൽ അതിനെ വിളിക്കാൻ എന്റെ കാര്യത്തിൽ പറ്റില്ല.
പ്രശ്ങ്ങൾ പലതും ഒഴിവാക്കാൻ പല കാര്യങ്ങളിലും മൗനം ശീലിക്കാൻ , സ്വയം നിയന്ത്രിക്കാനും അപ്പ പഠിച്ചു തുടങ്ങി. ഞാൻ പഠിക്കാൻ നോക്കുന്നുണ്ടെങ്കിലും പലപ്പോഴും പറ്റുന്നില്ലായെന്നാണ് സത്യം.
വർക്ക് ഫ്രം ഹോം, വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെ ആയി വർഷങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങി ഇരിക്കുന്ന പല അമ്മമാർക്കും ഇങ്ങനെ മനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരിക്കും. പലതും ജീവിതത്തിന്റെ തിരക്കുകളിൽ താനെ ഒഴുകി പോകുന്നുവെന്നതാണ് സത്യം.
മൂന്നാമതൊരാൾ കൂടെ വന്നപ്പോൾ വരവ് ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിശ്രമം ഇല്ലാതെ അപ്പ ഓട്ടത്തിലാണ്. വീട്ടിൽ അപ്പയുടെ presence കുറഞ്ഞതും മക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിലേക്കു കൂടിയതും എപ്പോഴൊക്കെയോ മനസ്സിൽ തളർച്ചകൾ കൂട്ടി.
"ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് " എന്ന KGF film ഡയലോഗ് ഞാൻ ഇന്ന് തിരുത്താൻ ആഗ്രഹിക്കുന്നു.. ജീവിതത്തിൽ എല്ലാവരും പോരാളികൾ ആണ് . അപ്പനും.. അമ്മയും.. പരസ്പരം ഈ പോരാട്ടങ്ങൾ തിരിച്ചറിയുമ്പോൾ ആണ് ഓരോരുത്തരും നടത്തുന്ന പോരാട്ടങ്ങൾക്ക് വിലയുണ്ടാകുന്നത് എന്ന് മാത്രം.
ഞങ്ങൾ 2 പേരും ഞങ്ങളുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പോരാട്ടങ്ങൾക്കിടയിൽ , ഇടക്കൊക്കെ മനസ് കൈ വിടുമ്പോൾ, വീണു പോകുമെന്നു തോന്നുമ്പോൾ കൂടുതൽ ശക്തിയോടെ എഴുന്നേൽക്കാൻ, എന്നിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആലോചന തുടങ്ങി.
തുടരും.
Comments
Post a Comment