ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം
പണ്ടത്തെ പോലെ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്തോണ്ട് പലരും ഇടക്കൊക്കെ മെസ്സേജിലൂടെ ചോദിക്കാറുണ്ടായിരുന്നു. "ഒരു അനക്കോം ഇല്ലാലോ..എന്ന പറ്റിയെന്നു.."
ഓഫീസ് വർക്ക് , പിള്ളേര് , വീട്ടു കാര്യങ്ങൾ ഒക്കെ കഴിഞ്ഞു എനിക്കായി ഞാൻ മാറ്റി വെച്ചിരുന്ന ഒഴിവു സമയങ്ങൾ ആയിരുന്നു ചെറിയ വീഡിയോസ് എടുത്തിരുന്നേ. കുറച്ചു നാളുകളായി ആ ഒഴിവു സമയങ്ങൾ റസ്റ്റ് എടുക്കാൻ ആയിരുന്നു ഞാൻ മാറ്റി വെച്ചിരുന്നെ...
ഇടക്കൊക്കെ എന്നെ കാണാൻ ഇല്ലലോയെന്നു പറഞ്ഞു അന്നെഷിച്ചു വന്നിരുന്ന എല്ലാവരെയും ഒത്തിരിയേറെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഓർത്തുകൊണ്ട് , അതിനുള്ള ആ കുഞ്ഞു വലിയ കാരണം പറയാം എന്ന് ഓർത്തു കൊണ്ട് ആണ് ഈ എഴുത്തു..
"ഞങ്ങളുടെ തെരേസ കുഞ്ഞും ഒരു ചേച്ചി പെണ്ണ് ആകാൻ പോകുന്നു.. അങ്ങനെ ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞാനും, അപ്പയും മൂന്ന് കുഞ്ഞേച്ചിമാരും... തേരേസുവിനെയും അമ്മയുടെ വയറ്റില്ലെ കുഞ്ഞാവയെയും വീതിച്ചെടുക്കാൻ ഉള്ള തിരക്കിലാണ് മൂത്ത രണ്ടു ചേച്ചിമാരും..
ഉത്തരവാദിത്തങ്ങൾ അങ്ങനെ ഒരു പടി കൂടി കൂടിയിരിക്കുന്നു.. എൻ്റെ മാത്രമല്ല, വീട്ടിലെ എല്ലാവരുടെയും.. തേരേസുവിനെ കളിപ്പിക്കാനും കയ്യേൽ പിടിച്ചു നടത്തിക്കാനും ഒക്കെ ഇമ്മിണി വലിയ രണ്ടു ചേച്ചിമാർ ഉള്ളതുകൊണ്ട് തേരേസു ഇതിലെ പാഞ്ഞു നടപ്പാണ്.. എവിടെ വലിഞ്ഞു കയറണം, എന്ത് ഒപ്പിക്കണം എന്നൊക്കെ ഓർത്തു..
അമ്മയുടെ വയർ എന്തോരും വലുതായാൽ കുഞ്ഞാവ പുറത്തു വരും എന്ന കണക്കെടുപ്പിലാണ് കുഞ്ഞൂസും ഉണ്ണിയും..ഇടക്കൊക്കെ കുഞ്ഞേച്ചിമാർ അമ്മയുടെ മടിയിൽ ഇരുന്നാൽ കുഞ്ഞി കുശുമ്പടുത്തു കരയുന്ന, അവരെ തള്ളിമാറ്റാൻ നോക്കുന്ന തെരേസ കുഞ്ഞിനെ ആരെ ഏല്പിച്ചു ആശുപത്രിയിൽ പോകുമെന്ന ചിന്തയിൽ ആണ് ഞാൻ. അമ്മ ആശുപത്രിൽ കുഞ്ഞാവയെ എടുക്കാൻ പോകുമ്പോൾ തേരേസുവിനെ നോക്കിക്കോളാം എന്നു വലിയ രണ്ടു ചേച്ചിമാരും കരാര് എടുത്തിട്ടുണ്ട്.
അങ്ങനെ മൂന്ന് പേരുടെയും കളിചിരികളും, ഇടക്കുള്ള വാശിപിടിച്ചുള്ള കരച്ചിലുകളും , വഴക്കുകളും , എൻ്റെ കുഞ്ഞു വലിയ ഒച്ചപ്പാടുകളും ഒക്കെ ആയി ഇത്തവണത്തെ ഞങ്ങളുടെ വേനലവധിക്കാലം മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നു..
മൂത്ത മൂന്ന് പേരും ജനുവരി മാസത്തിൽ ജനിച്ചതിനാൽ ഒരു ജനുവരി മാസ പുഷ്പമായി ഇടക്കൊക്കെ ഫ്രണ്ട്‌സ് കളിയാക്കുമായിരുന്നു..ഇത്തവണ പതിവ് തെറ്റിച്ചു, കുറച്ചു മാസങ്ങൾ കൂടെ കഴിഞ്ഞാൽ ഞങ്ങളുടെ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ...
ഇത്തവണ പ്രെഗ്നന്റ് ആണെന്നു അറിഞ്ഞപ്പോൾ എന്നെ ഏറ്റവും കൂടുതൽ പ്രശ്നത്തിൽ ആക്കിയേ ഇതെങ്ങനെ ഓഫീസിൽ അവതരിപ്പിക്കും എന്ന കാര്യം ആയിരുന്നു. എന്റെ അറിവിൽ ഓഫീസിൽ നിന്ന് നാലാമത് മറ്റേർണിറ്റി ലീവിന് പോകുന്ന ഏക വ്യക്തി ഞാൻ ആണ്.. ഇന്ത്യൻ ലൊക്കേഷനിൽ നിന്ന് വർക്ക് ചെയുന്നവരിൽ വേറെ ആരും തന്നെ ഇല്ല എന്നാണ് എന്റെ വിശ്വാസം. മറ്റു രാജ്യങ്ങളിൽ നിന്ന് വർക്ക് ചെയ്‌യുന്നവരിൽ ആരേലും ഉണ്ടോന്നു ഉറപ്പില്ല.. ആദ്യത്തെ രണ്ടു മക്കൾക്കു 6 മാസവും മൂന്നാമത്തെ കുഞ്ഞിന് മൂന്ന് മാസവും ആണ് നിയമം അനുസരിച്ചു പ്രസവാവധി. നാലാമത്തെ കുഞ്ഞിന് ഒക്കെ കമ്പനി ലീവ് തരുമോ ? എന്തായാലും ലീവ് തരാതെ പറ്റില്ലാലോ.. ചിലപ്പോൾ സാലറി ഇല്ലാതെ ലീവിന് പോകേണ്ടി വരുമായിരിക്കും..അങ്ങനെ 100 ചോദ്യങ്ങൾ മനസ്സിൽ വന്നെങ്കിലും ദൈവാനുഗ്രഹത്താൽ ലീവ് കാര്യങ്ങളും ഓക്കേ ആയി..
ആലോചിക്കാൻ തുടങ്ങിയാൽ ഇനിയുമുണ്ട് ഒട്ടേറെ കാര്യങ്ങൾ... ഹോസ്പിറ്റലിൽ പോകുമ്പോളും അത് കഴിഞ്ഞും മൂത്ത ചേച്ചി പെണ്ണുങ്ങളുടെ കാര്യങ്ങൾ ആരെ ഏല്പിക്കും, പുതിയ അതിഥിയെ കുളിപ്പിക്കാനും എന്റെ കാര്യങ്ങൾ നോക്കാനും ഒക്കെ ആരെ ഏൽപ്പിക്കും .. മൂത്ത കുഞ്ഞു മക്കൾ ഉള്ളപ്പോൾ ഒന്ന് പ്രസവിക്കാൻ പോകണമെങ്കിൽ എന്തെല്ലാം ആലോചിക്കണം അല്ലെ? പക്ഷെ ഇത് വരെ മറ്റു മക്കളുടെ കാര്യത്തിൽ ഒരു കുഴപ്പവും വരാതെ കൈ പിടിച്ചു നടത്തിയ ദൈവം ഇവിടെയും കരുതലായി ഉണ്ടാകുമെന്ന ഉറപ്പാണ് ജീവിതത്തിൽ എന്നും ഞങ്ങളെ മുന്നോട്ടു കൊണ്ട് പോയിട്ടുള്ളത് ..
നാലാമത് കുഞ്ഞു അതിഥി കൂടെ വരാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ മനസിലും ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസിലും ആദ്യം ഉയർന്ന ചിന്ത ഞങ്ങളുടെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആയിരുന്നു..പുറകോട്ടു തിരിഞ്ഞു നോക്കിയാൽ, ജീവിതം ഒത്തിരി മുന്നോട്ടു പോയിരിക്കുന്നു.. ഉയർച്ചയും, താഴ്ചയും , അതിന്റെ സമ്മിശ്ര ഭാവങ്ങളും ഒക്കെ കണ്ടു.. തളർന്നപ്പോൾ പരസ്പരം താങ്ങാവേണ്ട സാഹചര്യങ്ങളിൽ താങ്ങായും, കുറ്റപ്പെടുത്തിയും
ഒക്കെ നിന്നട്ടുണ്ട്.. മക്കളുടെ പുഞ്ചിരികൾ , സാരമില്ലായെന്ന ചില വാക്കുകൾ , ചില പുഞ്ചിരികൾ , ദൈവത്തിന്റെ ചില അദൃശ്യമായ കരുതലുകൾ ഒക്കെ ഞങ്ങളെ മുന്നോട്ടു കൊണ്ട് പോയി..ഇന്നും ആ കരുതലിൽ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു...
എഴുതുമ്പോൾ തോന്നുന്ന അത്രമേൽ ആഴത്തിൽ ബോധ്യമുള്ള ദൈവം വിശ്വാസം ഒന്നും എനിക്കില്ല കേട്ടോ..തളർച്ചകൾ വന്നാൽ ഞാൻ തളർന്നു പോകാറുണ്ട്..പ്രീതീക്ഷകൾ അസ്തമിക്കാറുണ്ട്.. പക്ഷെ ഇവക്കുട്ടിയുടെ അപ്പ അങ്ങനെ അല്ല.. എത്രമേൽ തളർന്നാലും പരീക്ഷിക്കപ്പെട്ടാലും ദൈവത്തിന്റെ കരുതലിൽ എല്ലാം ഭംഗിയായി നടക്കുമെന്ന് ആഴത്തിൽ ബോധ്യമുണ്ട്..ആ വിശ്വാസം ഒന്ന് മാത്രമാണ് തളർന്നയിടങ്ങളിൽ നിന്നെല്ലാം എഴുന്നേൽക്കാൻ ഞങ്ങൾക്ക് ശക്തി നൽകിയതും ഇപ്പോഴും നൽകുന്നതും.. അങ്ങനെ ദൈവകരങ്ങളിൽ മാത്രം ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ അഞ്ചുപേരും .. :)
#positivevibesbydojakuriakose
Comments
Post a Comment