ഇവക്കുട്ടിയുടെ വിശേഷങ്ങൾ 7: എന്നെ തേടിയലഞ്ഞ ഞാൻ
രണ്ടു വയസ്സിന്റെ ഗ്യാപിൽ , മൂത്ത പിള്ളേരുമായി മറ്റേർണിറ്റി ലീവിൽയിൽ ഇരിക്കുന്നെ അത്ര റസ്റ്റ് കിട്ടുന്ന കാര്യമല്ല.
പ്രസവം കഴിഞ്ഞു ആദ്യ മാസം 'അമ്മ ഉണ്ടായിരുന്നു സഹായത്തിനു. പിന്നീട് 3 കുഞ്ഞുങ്ങളും ഞാൻ എന്ന അമ്മക്കിളിയും മാത്രമായി. അപ്പ മിക്കവാറും വരുമ്പോൾ പാതിരാത്രിയും, പലപ്പോഴും ജോലി സംബന്ധമായി വീട്ടിൽ ഇല്ലാതെയുമായി.
കിളികളുടെ കല പില ശബ്ദങ്ങൾ പോലെ എനിക്ക് ചുറ്റും ശബ്ദമുഖരിതമായിരുന്നു. ഈ ബഹളങ്ങൾക്കിടയിലും ഞാൻ തനിച്ചായ പോലെ.
ഇളയ കുഞ്ഞിന് പാല് കൊടുത്തു ഉറക്കി, ചോറും ഒരു തോരൻ കറി എങ്കിലും ഉണ്ടാകാമെന്നു ഓർത്താൽ അപ്പോളേക്കും, മൂത്ത ചേച്ചിമാർ അതിനെ വിളിച്ചെണീപ്പിക്കും. ചോറ്, ഒരു തോരൻ, രാവിലത്തെ ചായ പലഹാരം, ഇതിനപ്പുറത്തേക്കു ഒന്നും കാര്യമായി അപ്പോഴൊക്കെ ഉണ്ടാക്കാറില്ലായിരുന്നു. അതുകൊണ്ടു തന്നെ ഗ്യാസ്,വെജിറ്റബ്ൾസ് മറ്റു പലചരക്കു വസ്തുക്കൾ ഇവയുടെ വിലയിൽ വരുന്ന മാറ്റങ്ങൾ ഒന്നും അക്കാലയളവിൽ ഞങ്ങൾക്കൊരു വിഷയമേ അല്ലായിരുന്നു. തെരേസവിന്റെ ഊരിപിഴിഞ്ഞ മൂത്രത്തുണികൾ , വീട്ടിലെ മറ്റു അംഗങ്ങളുടെ തുണികൾ ഇവയെല്ലാം തരം തിരിച്ചു വാഷിംഗ് മെഷീനിൽ വട്ടം കറക്കി, കുമിഞ്ഞു കൂടി വരുന്ന തുണികൾക്കു ഞാൻ പരിഹാരം കണ്ടു. വീട്ടു ചിലവിൽ അതോണ്ട് കറന്റ് ബില്ലും വെള്ളത്തിന്റെ ഉപയോഗവും കൂടി എന്നൊഴിച്ചാൽ വലിയ മാറ്റങ്ങൾ ഇല്ലായിരുന്നു.
കളിപ്പാട്ടങ്ങൾ നിരന്നു കിടക്കുന്ന തറ, വലിച്ചു വാരിയിട്ടിരിക്കുന്ന തുണി ഷെൽഫുകൾ , മക്കൾ മറിച്ചു കളയുന്ന പാലും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും ചാടിയ തറയിൽ എത്ര അടിച്ചാലും ചവിട്ടുമ്പോൾ ഒട്ടുന്ന കാൽ, ദിനം തോറും കൂടുതൽ വൃത്തികേടായികൊണ്ടിരിക്കുന്ന വാഷ് ബേസിൻ, ടോയ്‌ലറ്റ്, വെറുതെയൊന്നു മുകളിലേക്ക് നോക്കിയാൽ കാണുന്ന ചിലന്തി വലകൾ ഒക്കെ എന്നെ അസസ്ഥമാക്കാൻ തുടങ്ങി.
സ്വയം ചെയ്യാൻ പഠിപ്പിച്ചിരിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു പോലും മക്കൾ മാറി മാറി എന്നെ വിളിക്കാൻ തുടങ്ങിയപ്പോൾ ഒരാളുടെ കാര്യങ്ങൾ കഴിഞ്ഞു അടുത്ത ആളിലേക്കു ഓടുന്ന യന്ത്രം പോലെ ഞാൻ മാറിക്കൊണ്ടിരുന്നു. ഇത് വീട്ടിലെ അന്തരീക്ഷം കുറച്ചു കൂടെ കാർമേഘ പൂർണമാക്കി. വീട്ടിൽ ഇടക്കൊക്കെ ശക്തമായ മഴയായും ഇടിയായും ആ കാർമേഘങ്ങൾ പെയ്തിറങ്ങി.
മഴ തോരുന്ന ശാന്തമായ അന്തരീക്ഷങ്ങളിൽ ഞാൻ എന്നെ സ്വയം തേടാൻ തുടങ്ങി. ആരാണ് ഞാൻ ? എന്താണ് ഞാൻ ?
പലരുടെയും നിഴലാണ് ഞാനെന്നു സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ . വീട്ടിലെ മറ്റു അംഗങ്ങൾ ഒരു സഹായത്തിനായി തിരിഞ്ഞു നോക്കുമ്പോൾ അവർ കാണുന്ന അവരുടെ നിഴൽ. ഈ നിഴൽ വേഷങ്ങൾ അമ്മമാർ ഇഷ്ടപെടുന്നതാണ് പല കുടുംബ ബന്ധങ്ങളുടെയും കെട്ടുറപ്പ്.
ഈ നിഴലിനുമപ്പുറത് ഞാൻ എന്താണ്? എന്നെ ഞാൻ പാടെ മറന്നിരിക്കുന്നു .. എന്നെ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല.
നിഴലുകൾക്കുമപ്പുറം , ഞാൻ എന്ന വ്യക്തിയിലേക്കുള്ള ദൂരം എത്ര അകലെയാണെങ്കിലും ആ ദൂരമളക്കാൻ ഞാൻ തീരുമാനിച്ചു. അതിനായുള്ള യാത്ര ഞാൻ തുടങ്ങുകയാണ്
തുടരും.
Comments
Post a Comment