ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4


കഴിഞ്ഞ വർഷം ഈ സമയത്താണു ഇവക്കുട്ടിയുടെ വിശേഷങ്ങൾ ആദ്യമായി നിങ്ങളോടു പറഞ്ഞു തുടങ്ങിയതു. ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 എഴുതണമെന്നു മനസിൽ കരുതിയിരുന്ന സമയം ഇത് വരെ ആയിട്ടില്ല..ഇവക്കുട്ടിക്ക് ഇപ്പോൾ ഒത്തിരി കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ ഉണ്ടല്ലോ , ഈ ക്രിസ്മസിന് അത് എഴുതിക്കൂടെയെന്ന അപ്പയുടെ ചോദ്യമാണ് ഇപ്പോൾ ഇങ്ങനെ ഒരു എഴുത്തിനു മുതിരുന്നേ..

അടുത്ത മാസം കുഞ്ഞൂസിനു 2 വയസു ആകും.ഒരു കുഞ്ഞേച്ചി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ആളിപ്പോ.. അമ്മേടെ വയറ്റിലെ കുഞ്ഞു വാവയെ കെട്ടിപിടിക്കുക , ഉമ്മ കൊടുക്ക , വാവക്ക് പാപ്പം കൊടുക്കുക , വാവയോടു കുഞ്ഞേച്ചി പെണ്ണിനെ എടുക്കാൻ പറയുക അങ്ങനെ ഒട്ടേറെ കലാ പരിപാടികൾ ഉണ്ട് ആളുടെ കയ്യിൽ. ഇനി ശരിക്കും കുഞ്ഞു വാവ വരുമ്പോൾ എന്ത് ആകും എന്ന ടെൻഷനിൽ ആണിപ്പോൾ .. കുഞ്ഞൂസിനു ആണേൽ എല്ലാത്തിനും 'അമ്മ വേണം .. മാറി നിന്നു പഠിച്ചട്ടില്ല..ആള് ഒരു ബഹള കാരി ആയോണ്ട് മാറ്റി നിർത്തി അങ്ങനെ നോക്കിയിട്ടും ഇല്ല..പിന്നെ വല്ലപ്പോഴും അംഗൻവാടിയിൽ പോകുന്നതും , 'അമ്മ ഇല്ലാണ്ട് കറങ്ങാൻ പോകുന്നേ ഒക്കെ ഉള്ളോണ്ട് കുഞ്ഞൂസ് അഡ്ജസ്റ്റ് ആയിക്കോളുമെന്നതിൽ ആകെ ഉള്ള പ്രതീക്ഷ .. അപ്പേടെ പൊന്നാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന കള്ളി പെണ്ണ് അപ്പേടെ കൂടെ നടന്നോളായിരിക്കും അല്ലെ .. എല്ലാം അതിൻ്റെ വഴിക്കു നടന്നോളും ..അല്ലാണ്ട് എന്താകാൻ...

വരുന്നോടത്തു കാണാം എന്ന ചിന്താഗതിക്കാരു ആണ് ഞാനും ഇവക്കുട്ടിടെ അപ്പയും..അതോണ്ട് തന്നെ ഒത്തിരിയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും കുഞ്ഞു വാവ വരുന്നു എന്ന കാര്യം കേട്ടപ്പോൾ അപ്പയും ഇവക്കുട്ടിയും ഒത്തിരി ഹാപ്പിയായി.. പിന്നെയും സാമ്പത്തിക ഭദ്രത , ജോലി , കൊച്ചുങ്ങളെ ആര് നോക്കും അങ്ങനെ കാടു കേറി ചിന്തിച്ചു കൂട്ടുന്നെ ഞാൻ ആണ് .. പിന്നെ സ്വയം പറയും "കർത്താവു തന്നെ ആണേൽ അവരൊക്കെ വളർന്നോളും കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന്".. ഇങ്ങനെ പറഞ്ഞു ഹോസ്പിറ്റൽ ചെക്ക് അപ്പ് , മെഡിസിൻസ് ഒക്കെ സമയത്തു നടത്താതെ നീട്ടി വെച്ചതൊക്കെ ഉണ്ടട്ടോ..

കുഞ്ഞൂസിനെ ഗർഭിണിയായിരുന്ന സമയത്തു ആദ്യത്തെ ആയതിനാൽ എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ ആയിരുന്നു. എൻ്റെ അശ്രദ്ധ കൊണ്ട് എന്തേലും
പറ്റിയാലോ എന്ന ചിന്ത ആയിരുന്നു. ഇപ്പോൾ ആണേൽ കുഞ്ഞൂസിൻ്റെ പുറകെ ഉള്ള ഓട്ടം , ജോലി എല്ലാം കൊണ്ട് തിരക്ക് കാരണം ഉള്ളിൽ ഒരാൾ കൂടെ ഉണ്ടെന്നു ഓർക്കാറേയില്ല പലപ്പോഴും. പിന്നെ കുഞ്ഞൂസിനെ പോലെ രാത്രി ഒക്കെ ചവിട്ടി കുത്തി എന്നെ അങ്ങനെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നില്ല ആള് . എല്ലാം കൂടെ ആയ 'അമ്മ എന്ത് ചെയ്യുന്നു ഓർത്തു ആകും പാവം.. ശരിക്കും പറഞ്ഞാൽ കുഞ്ഞിനെ ഗർഭിണി ആയിരിക്കുമ്പോൾ, അതിനോട് അപ്പയും അമ്മയും മിണ്ടണം എന്നൊക്കെ പറയുമെങ്കിലും ഓരോ ഓരോ ഓട്ടത്തിനിടയിൽ പലപ്പോഴും ഞാൻ മറന്നു പോകുന്നുണ്ട് അങ്ങനെ ഒരു ആള് ഉള്ളിൽ ഉണ്ടെന്നു ..ഇതിനിടയിൽ കുറെ പേര് മെസ്സേജ് അയച്ചു ചോദിച്ചു എന്താ ഇപ്പോൾ എഴുത്തൊന്നും കാണുന്നില്ലാലോ എന്ന് .. ദേ ഇതൊക്കെ തന്നെ കാരണങ്ങൾ ...

കുഞ്ഞൂസിനു 2 വയസു കംപ്ലീറ്റ് ആകുമ്പോ അടുത്ത അതിഥി കൂടി വരും ഞങ്ങൾക്കിടയിൽ..2 പേരുടെയും ബർത്ത് ഡേ ഏകദേശം അടുത്തടുത്ത ആകാൻ ആ ഇപ്പോളത്തെ സ്കാനിംഗ് റിപ്പോർട്ട് അനുസരിച്ചു സാധ്യത.. ഒരേ ഡേറ്റ് ആയിരുന്നേൽ പൊളിച്ചേനെ..അടുത്ത മാസം അവസാനം അല്ലേൽ പാതി ഒക്കെ ആകുമ്പോ അഡ്മിറ്റ് ആകേണ്ട ഞാൻ ആ.. ഇത് വരെ ഹോസ്പിറ്റൽ ബാഗ് പോലും കമ്പ്ലീറ്റ് ആയി പാക്ക് ചെയ്തട്ടില്ല..

ഇതിനിടേൽ, എന്നോട് സഹതപിച്ച ഒട്ടേറെ നല്ലവരായ നാട്ടുകാരും ഉണ്ടാട്ടോ .. 2 പിള്ളേരുടെ ചിത്താന്തം , ജോലി ഒക്കെ ആയി എന്ത് ചെയ്യും , പ്ലാൻ ചെയ്തെ ആണോ , പിന്നെ ദൈവം തന്നാൽ നമ്മൾ 2 കയ്യും നീട്ടി സ്വീകരിക്കണം , കഷ്ടമാണ് എന്നാലും .. അങ്ങനെ ഒട്ടേറെ ചോദ്യങ്ങളും പറച്ചിലും.. ഞങ്ങൾ ക്രിസ്ത്യൻസ് അങ്ങനെ പ്ലാൻ ചെയ്യാറില്ല ചേച്ചി , സമയം ആകുമ്പോ ദൈവം തന്നെ അങ്ങ് മേടിക്കുമെന്നു മറുപടി പറഞ്ഞു മടുത്തു. ഓരോരുത്തരോട് മറുപടി പറയണ്ടല്ലോന്ന് ഓർത്തിട്ടാ ഇപ്പൊ മൊത്തത്തിലങ്ങു പറഞ്ഞെ..

ഈ മാസങ്ങൾ അത്രേം, കരുതലായി നിന്ന ഒട്ടേറെ മുഖങ്ങൾ ഉണ്ട് മനസ്സിൽ .. മുവാറ്റുപുഴയിൽ നിന്ന് ഇൻഫോപാർക് വരെ ദിവസോം ബസിൽ പോകാൻ പറ്റാത്തോണ്ടു വർക്ക് ഫ്രം ഹോം ഓപ്ഷൻ തന്ന കമ്പനി , ഹെല്ത്തിനു മുൻഗണന തന്നു വർക്ക് ലോഡ് ഷെയർ ചെയ്ത പ്രൊജക്റ്റ് മേറ്റ്സ് , ഒട്ടേറെ സപ്പോർട്ട് ചെയ്ത കുറെ ഫ്രണ്ട് ... അങ്ങനെ അങ്ങനെ നീളും ലിസ്റ്റ് ..ഞങ്ങൾ അല്ലേൽ മറ്റു ആരേലും ആവശ്യനേരത്തു സഹായിക്കാൻ നിങ്ങൾക്കും ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു ആത്മാർത്ഥമായി ... ഒപ്പം എല്ലാർക്കും ഇവക്കുട്ടീടേം കുഞ്ഞുവാവയുടേം ക്രിസ്മസ് ആശംസകൾ ...



Comments

Popular posts from this blog

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ